
ചുമരുകളിടിഞ്ഞത്-
ഓർക്കാപ്പുറത്ത്..!
താങ്ങാകേണ്ടവ -
തകർന്നടിഞ്ഞ്-
മൂടിക്കളഞ്ഞത് -
മോഹങ്ങളെയത്രേ....!
ഇടുങ്ങിയ വഴികൾ
കടത്തി വിടില്ല-
മണ്ണുമാന്തികളുടെ
വിരലുകളേയും....!
ഞെരിഞ്ഞമരുന്ന
നെഞ്ചിൻ കൂട്ടിൽ-
പ്രാണന്റെ പ്രാവുകൾ
പിടഞ്ഞിളകുമ്പോൾ
പ്രജ്ഞയിൽ നിന്ന് -
ഹൃദയത്തിലേയ്ക്ക് -
തീക്കുഴലിലൂടെന്ന പോലെ -
എത്രയോർമ്മകളാണ്
പൊള്ളിക്കയറുന്നത്...!
അങ്ങകലെയെന്നെ
കാത്തിരിപ്പോരുണ്ട്.....
വിലയുള്ളവരല്ല;
മറന്നേക്കുക....!
അളവില്ലാത്ത നോവിനും-
വിലങ്ങിയ ശ്വാസത്തിനുമിടയിൽ
മൃത്യുവെ പ്രണയിക്കുന്നത് -
അതു മാത്രം കൊതിക്കുന്നത്,
എങ്ങനെയെന്നൊരിക്കലും
നിങ്ങളറിയാതിരിയ്ക്കട്ടെ...!
ഗതികിട്ടാത്ത സ്വപ്നങ്ങളുടെ
അടങ്ങാത്ത പൊടിയിൽ നിന്നും
വെള്ളനിറം മുഷിയാതെ-
യകന്നു നിന്നു കൊള്ളൂ....
ഒടുവിൽ പുറത്തെടുക്കുമ്പോൾ
അറിയാതെയെങ്കിലും
എന്റെ മുഖത്തേയ്ക്കൊന്ന്
(ശേഷിക്കുന്നുവെങ്കിൽ )
നോക്കിപ്പോകരുതേ.....
പിടച്ചു പിടച്ചു നിന്ന
പകച്ച നോട്ടമെന്റെ
അടയാത്ത കണ്ണിൽ നിന്നും
നിങ്ങളെ തൊട്ടെങ്കിലോ......!
ചിത്രത്തിനു കടപ്പാട് : google images
39 comments:
തിരുവനന്തപുരത്ത് ലോഡ്ജ് കെട്ടിടം നവീകരണത്തിനിടെ തകർന്നു വീണ് 6 തൊഴിലാളികൾ മരണപ്പെട്ടു.എവിടെയോ വഴിക്കണ്ണുമായി അവരെ കാത്തിരുന്നവർ...അവരുടെ ചിതറിപ്പോയ ജീവിത സ്വപ്നങ്ങൾ....
ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ...കെട്ടിടമുടമയ്ക്ക് നോട്ടീസ്...എല്ലാം പതിവു പോലെ...
പെട്ടെന്ന് ഉള്ളിലൊരാന്തൽ....
..... ജീവനോടെ മണ്ണിൽ മൂടപ്പെടുന്നവരുടെ മനസ്സിൽ മരണം വന്നെത്തുന്ന ആ നിമിഷം വരെ എന്തായിരിക്കും...? ജീവിതത്തിലുമുണ്ടാവില്ലേ ഇങ്ങനെ അവസ്ഥകൾ...? താങ്ങാകേണ്ടവർ തന്നെ മോഹങ്ങളെ തകർത്തു കളയുമ്പോൾ.....തീർത്തും ഒറ്റപ്പെട്ട്....ഒരു സാന്ത്വനത്തിനും കടന്നെത്താനാവത്തത്ര ഇരുട്ടിൽ......മരണത്തെ പ്രണയിച്ചു പോകുവോളം......തീർത്തും നിസഹായരായിപ്പോകുന്ന നിമിഷങ്ങൾ ......? കവിതയ്ക്കു വിശദീകരണം നൽകേണ്ടി വരുന്നത് എഴുതുന്നയാളിന്റെ കഴിവു കേടെന്ന് അറിയാതെയല്ല.....മനസ്സു പറഞ്ഞതൊന്നു പങ്കു വയ്ക്കാൻ...വെറുതെ...വെറുതെ.....
മറന്നേക്കുക.......!
കവിതയ്ക്കു വിശദീകരണം നൽകേണ്ടി വരുന്നത് എഴുതുന്നയാളിന്റെ കഴിവു കേടെന്ന് അറിയാതെയല്ല.....മനസ്സു പറഞ്ഞതൊന്നു പങ്കു വയ്ക്കാൻ...വെറുതെ...വെറുതെ.....
ഹ..ഹ.. അതുകൊള്ളാം ഈ കഴിവുകേടുള്ളതുകൊണ്ടാണല്ലോ താങ്കള്‍ ഇത്ര ഹൃദയസ്പര്‍ശിയായെഴുതിയിരിക്കുന്നത്. നന്നായിരിക്കുന്നു...
പിടച്ചു പിടച്ചു നിന്ന
പകച്ച നോട്ടമെന്റെ
അടയാത്ത കണ്ണിൽ നിന്നും
നിങ്ങളെ തൊട്ടെങ്കിലോ......!
സൌന്ദര്യം വിതുമ്പുന്ന കവിതയിലെ കൊച്ചു കൊച്ചു വാക്കുകളിലൂടെ നടന്നു നിങ്ങിയപ്പോള്‍ തന്നെ (ആദ്യം മുതല്‍) തകര്‍ന്ന ലോഡ്ജും തൊഴിലാളികളും മനസ്സില്‍ ഓടിയെത്തിയിരുന്നു. തുടര്‍ന്നുള്ള വരികളില്‍ അവരെ കാത്തിരിക്കുന്നവരും അവരുടെ ചിന്തകളും ഒക്കെ ലളിതമായിത്തന്നെ വായിച്ചെടുക്കാനാകുന്നുണ്ട്,കുറിപ്പ് വായിക്കുന്നതിനു മുന്‍പ് തന്നെ.
അതുകൊണ്ടുതന്നെ കുറിപ്പ് വേണ്ടായിരുന്നെന്നു തോന്നി.
ആശംസകള്‍.
അതിനൊരു കാരണം കൂടിയുണ്ട്. അന്നത്തെ ആ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ JCB ഒപ്പറേറ്റര്‍ തുടര്‍ച്ചയായ് 24 മണിക്കൂര്‍ ജോലിചെയ്തെന്ന വാര്‍ത്ത കണ്ടപ്പോള്‍ തോന്നിപ്പോയി അയാള്‍ ഒന്ന് വിശ്രമിച്ചാല്‍ ആ നേരത്ത് പൊലിയുന്നതും ഒരു ജീവനാകില്ലെ എന്ന്..
അവസരോചിതമായ വിഷയം..
അങ്ങകലെയെന്നെ
കാത്തിരിപ്പോരുണ്ട്.....
വിലയുള്ളവരല്ല;
മറന്നേക്കുക....!
ഹൃദയത്തില്‍ തൊടുന്ന കവിത.
ഒരു തുള്ളി കണ്ണീരോടെ ദുഃഖത്തില്‍ പങ്കു ചേരുന്നു .
വിഷയം നല്ലത്. കവിതയും
ആഴങ്ങള്‍ മൂടിവെയ്ക്കുന്ന കവിത ഇടിഞ്ഞുപൊളിഞ്ഞു ശ്വാസത്തിനുമേല്‍ അമരുന്ന ബിംബങ്ങള്‍ക്കിടയില്‍ അടിക്കുറിപ്പിന് ഒന്നും ചെയ്യാനില്ല. കവിത അതിനുമേലല്ലാതെയും സഞ്ചരിക്കുന്നു. അഭിനന്ദനങ്ങള്‍!
ദീപ,
വായിച്ചപ്പോൾ ഒരു നിമിഷം കാക്കനാട്ട് മരണമടഞ്ഞ ബീഹാറികളെ ഓർത്തുപോയി..
ഹൃദയസ്പര്‍ശിയായി....
valare nannayi varachu kaatti...ethra vedanikkunna janmangal bhoomiyil bakkiyaayi...
അല്ലെങ്കിലും ഭീകരതകളാണ് ചുറ്റിനും............കവിതകള്‍ കൂടി ഇങ്ങനെ തുടങ്ങിയാലോ.........
ഇടിഞ്ഞുവീണ ചുമരുകള്‍ക്കടിയില്‍ മരണത്തെ കണ്ടു കണ്ട് മിഴിയടര്‍ന്ന്... വയ്യ... മരണത്തെ തൊട്ടു ചിലവരികള്‍ വായിച്ചപ്പോ...
kavithavayichappol evedeyo oru thengal anubhavapedunnu,kavithaku poraymakal eereyundenkilum..
“പിടച്ചു പിടച്ചു നിന്ന
പകച്ച നോട്ടമെന്റെ
അടയാത്ത കണ്ണിൽ നിന്നും
നിങ്ങളെ തൊട്ടെങ്കിലോ......!“
തൊട്ടു...
ഹൃദയസ്പർശകമായി
തൊട്ടറിയുന്ന വേദന...
ഗതികിട്ടാത്ത സ്വപ്നങ്ങളുടെ
അടങ്ങാത്ത പൊടിയിൽ നിന്നും
വെള്ളനിറം മുഷിയാതെ-
യകന്നു നിന്നു കൊള്ളൂ....
'പിടച്ചു പിടച്ചു നിന്ന
പകച്ച നോട്ടമെന്റെ
അടയാത്ത കണ്ണിൽ നിന്നും
നിങ്ങളെ തൊട്ടെങ്കിലോ......!'
ഈ വരികള്‍ ശരിക്കും തൊട്ടു. തീക്കൊള്ളി കൊണ്ട്.
എല്ലാം അവ്യക്തവും
അവ്യാഖേയവുമെന്നു
അപരനോതുംപോള്‍
നിലാവിനെ
ഉള്ളം കയ്യിലുണ്ട് വെറി പിടിച്ചവന്‍
മറുഭാഷ ചൊല്ലി ,
ഒന്നും അഞ്ജാതവും ദുരൂഹവുമല്ല
വേനലിന്റെ ഉച്ച വിയര്‍പ്പു പോലെ
വാവുണരുന്ന കൊള്ളി മീന്‍ പോലെ
കിഴക്ക് ഉദിക്കും തീപന്തുപോലെ
വ്യക്തം ,വ്യതിരിക്തം .
നല്ല കവിത . നല്ല വിശയവും .
ആശംസകള്‍
Super...
oh touching..
ഹൃദയസ്പര്‍ശിയായ കവിത
എല്ലാം ഇത്രമാത്രം എന്ന് ഓര്‍ത്തുപോകരുതെന്ന് ശഠിക്കുന്നതുകൊണ്ടുമാത്രം എന്റെ അഹങ്കാരമിങ്ങനെ നിലനിന്നുപോകുന്നു ...നന്നായി
അവസരോചിതമായ വിഷയം..
aa dukham thottariyunnu....
jeevanode mannil moodappedunnavante vedana....
കൊള്ളാം ... ആശംസകൾ
രണ്ടു നിശ്ശബ്ദതകള്‍ക്കിടയിലെ വെറുമൊരു പിടച്ചിലാണ് ജീവിതം എന്ന ഷോപ്പനോവറുടെ നിരീക്ഷണത്തെ ഓര്‍മ്മിപ്പിക്കുന്നു ഈ കവിത.
ജീവിതത്തെ ക്കുരിച്ചു ഗംഭീരമായ ഇമേജസ് കൊണ്ടു സമ്പന്നമായ കവിത. ഇനിയും വരാം
അളവില്ലാത്ത നോവിനും-
വിലങ്ങിയ ശ്വാസത്തിനുമിടയിൽ
മൃത്യുവെ പ്രണയിക്കുന്നത് -
അതു മാത്രം കൊതിക്കുന്നത്,
എങ്ങനെയെന്നൊരിക്കലും
നിങ്ങളറിയാതിരിയ്ക്കട്ടെ...!
ഈ ഭാവന അത്യുജ്ജ്വലം. ഞാന്‍ ശിരസ്സ് നമിക്കുന്നു!
ദീപയുടെ കവിതകളിലൂടെ കടന്നുപോയി. നല്ല അനുഭവമായിരുന്നു. ആശംസകൾ.
അളവില്ലാത്ത നോവിനും-
വിലങ്ങിയ ശ്വാസത്തിനുമിടയിൽ
മൃത്യുവെ പ്രണയിക്കുന്നത് -
അതു മാത്രം കൊതിക്കുന്നത്
നല്ല ചിന്തകള്‍, നല്ല അവതരണം, ലളിതം..
അധികം പേരുടെയും കവിതകള്‍ വായിച്ചാല്‍ ഒന്നും മനസ്സിലാവില്ല. ഇത്രമേല്‍ ലളിതമായി പറഞ്ഞതിന് നന്ദി!
അങ്ങകലെയന്നെ
കാത്തിരിക്കുന്നവരുണ്ട്
വിലയുള്ളവരല്ല
മറന്നേക്കുക'
പക്ഷേ,ഹൃദയമുള്ളവർക്കു മറക്കാൻ കഴിയില്ലല്ലോ.
ഇതൊരു വേറിട്ട ശബ്ദം..
കവിതയുടെ വര്‍ണ്ണക്കൂട്ടുകള്‍..
ഇനിയും തുടരുക..
എല്ലാവിധ നന്മകളും...
ഞെരിഞ്ഞമരുന്ന
നെഞ്ചിൻ കൂട്ടിൽ-
പ്രാണന്റെ പ്രാവുകൾ
പിടഞ്ഞിളകുമ്പോൾ
പ്രജ്ഞയിൽ നിന്ന് -
ഹൃദയത്തിലേയ്ക്ക് -
തീക്കുഴലിലൂടെന്ന പോലെ -
എത്രയോർമ്മകളാണ്
പൊള്ളിക്കയറുന്നത്...!
സുശക്തമായ വരികളാല്‍ ദുരന്തനോവിനെ കരളിനെ കീറിമുറിക്കുന്ന വാക്കാല്‍ കൊരുത്തിട്ടിരിക്കുന്നു ഈ കവിത. ദുരന്തങ്ങള്ക്കെല്ലാം നോവിന്റെ ,വിലാപങ്ങളുടെയും,നഷ്ടപെടലിന്റെയും അര്‍ത്ഥങ്ങളെ പകരാന്‍ കഴിയു .. അതുകൊണ്ട് ദുരന്തം എതാണന്ന് പറയണ്ട
നല്ല കവിത...
മലയാളിത്തമുള്ള മനോഹരമായ കവിത.
ഇനിയും ഇതു പോലുള്ള കവിതകളും, കഥകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com
എന്താ ദീപാ, ഇവിടെ മഴയൊന്നും പെയ്യാറില്ലേ?
ദീപാ,നൊമ്പരമുണര്‍ത്തിയ കവിത.
ആ നോട്ടം എന്നെ തൊട്ടിരിക്കുന്നു.
Post a Comment