നിദ്രഎത്ര നാളൊളിച്ചു വയ്ക്കു-
മുള്ളിലെ ചുഴികളെന്നു-
തിരകള്‍ കൈമാറുന്നു-
കടലിന്‍റെ ചോദ്യം.

ഒലിച്ചു പോകാന്‍
കാത്തിരിക്കുന്നെന്ന്-
തിരക്കയ്യില്‍-
മറു വാക്കയക്കുന്നു കര.

കഥയേതുമറിയാതെ-
തീരത്തെയിരുളില്‍
നാളെയെന്ന സ്വപ്നം
പുതച്ചുറങ്ങുന്നു രാവ്.വീണ്ടുംഒടുവിലത്തേതെന്ന്-
എഴുതി നിറുത്തിയതാണ്‌;

എന്നിട്ടും,
കാതോർക്കുന്ന
ഓരോ വഴിയൊച്ചയിലും
പിടഞ്ഞോടിത്തുറന്നു നോക്കുന്നു-
ഒഴിഞ്ഞൊരെഴുത്തു പെട്ടി.

കാണാതെയെങ്ങാൻ
കുരുങ്ങിക്കിടപ്പുണ്ടോ
വിളിയൊച്ചയെന്ന്-
മാറാല തൂത്തു നീക്കുന്നു.

കാളുന്നൊരു വയറ്‌
കുപ്പക്കൂനയിൽ
വറ്റു തിരയും പോലെ-
വായിച്ചു വായിച്ച്-
പിഞ്ഞിപ്പോയ കത്തുകളിൽ
മുഖം പൂഴ്ത്തുന്നു;
എഴുതിയ വിരലെന്ന്,
സ്നേഹിച്ച ഹൃദയമെന്ന്,
വരികളിൽ ചുണ്ടു ചേർക്കുന്നു.

എനിക്കറിയാം,
എനിക്കു നോവുന്നെന്ന്-
നിനക്കു നോവുമ്പോഴെല്ലം
ഇങ്ങനെയാവും നീയും.
നീയില്ലെന്നു ഞാനും
ഞാനില്ലെന്നു നീയും
എന്നാണിനി വിശ്വസിക്കുക!

കടലിരമ്പമൂർന്നു പോയൊ-
രുടഞ്ഞ ശംഖു പോലെ-
ജീർണ്ണിച്ചൊരെഴുത്തുപെട്ടി
ഒഴിയാത്ത ശീലം പോലെ-
വീണ്ടും തുറന്നടയ്ക്കുന്നു....
കവിതേയുറങ്ങുക.............

അറിയാതെയല്ല ഞാ-
നോർക്കാപ്പുറത്തൊരീ-
വരവു,മൊരുൾക്കോണിൽ
പാതി മറഞ്ഞുള്ള-
നില്പ്പും,തിടുക്കവും;

കാണാതെയല്ല,
മനസ്സിന്റെ തുമ്പു പിടിച്ചു-
വലിച്ചും,ചൊടിപ്പിച്ചും,
വിട്ടുമാറാതെ കലമ്പും
മകളെപ്പോൾ-
പരിഭവിച്ചുള്ളൊരീ-
നോക്കു,മലട്ടലും,

തിരക്കാണ്‌;ജീവിത-
പ്പാച്ചിലാണുണ്ണി-
ക്കുരുന്നിനെ ധ്യാനം പോ-
ലൂട്ടിയും,പോറ്റിയു-
മിരുണ്ടു വെളുക്കുമ്പോ-
ളറിയാതെ പോകുന്നു-
ണ്ടറിയുന്നുവെങ്കിലു-
മുള്ളി,ലാഴങ്ങളിൽ
വേരിടാൻ വെമ്പുന്ന
വാക്കിന്നനക്കങ്ങൾ..........

തളർന്നുറങ്ങുമ്പോൾ
നനുത്തകാൽ വയ്പ്പുമായ് -
വാക്കുകൾ വന്നു-
വിരൽ മുത്തിപ്പോകുവ-
തറിയാതെയല്ലൊന്നു-
മറിയാതെയല്ല,
തിരക്കാണു,നേരമി-
ല്ലൊട്ടുമേ,യതിനാ-
ലുറങ്ങുകെൻ കവിതേ-
യുറങ്ങുക നീ,യീ-
ത്തിരക്കൊന്നൊഴിയട്ടെ-
യെന്നുണ്ണി വളരട്ടെ-
യതു വരെ മണ്ണിൽ
തപം ചെയ്യും വിത്തു പോൽ
ഉറങ്ങിക്കിടക്കുക-
കാലമാകും വരെ;
മൂകമാം നിദ്ര തൻ‍
ശിശിരം വഴി മാറി-
പുതുമുളയുണരേണ്ട-
ഋതു വരും നാൾ‍ വരെ.....!

"സർക്കസ്‌ ......!"

എത്രയാണ്ടുകളുടെ-
മെയ്‌ വഴക്കമാണ്‌
കീഴ്‌ മേല്‍ നോക്കാത്ത-
മലക്കം മറിച്ചിലില്‍...!

നൂല്പാലങ്ങളിലൂടെ
അലസമായ്‌ നടക്കാം,
ചുടുതീ വിഴുങ്ങാം,
കോമാളിയാകാം,
കമ്പിയില്‍ കോര്‍ക്കപ്പെട്ട്‌-
ഞെട്ടില്ലാ പങ്കയാകാം,
വളയത്തിലൂടെയും
വളയമില്ലാതെയും
ഞെങ്ങി ഞെരുങ്ങി
നൂണ്ടു കടക്കാം....!

എങ്ങിനെ വീണാലും
നാലു കാലിലെന്ന്‌
മിഴിയും കണ്ണുകളേ!
ഓരോ തവണയും
വലിച്ചെറിയപ്പെടുമ്പോള്‍
ഉള്ളു ചതയുന്നത്‌
കണ്ണൊന്നിറുക്കി-
മറച്ചു കളയാന്‍
എന്നേ പഠിച്ചതാണ്‌....!

അഭ്യാസങ്ങള്‍ക്കൊടുവില്‍
കല്ലെടുത്തു ചിറകറ്റു പോയ-
തുമ്പിയെപ്പോല്‍ ചൂളിയിഴഞ്ഞു-
മുന്നില്‍ വന്നു കൈ നീട്ടുമ്പോള്‍-
കാലിയായ ഹൃദയം കാട്ടി
ഒഴിഞ്ഞ കൈ മലര്‍ത്തി
തലവെട്ടിച്ചു നിസ്സംഗരായി
തിരിഞ്ഞങ്ങു പൊയ്ക്കളയല്ലേ....!

പരമ്പരയായും,പാതിമെയ്യായും,
ഈറ്റില്ലമായും,ഊട്ടുപുരയായും
പലതായി പിളര്‍ന്നിട്ടും
ഒന്നായി ശേഷിക്കുന്ന-
കണ്‍കെട്ടു വിദ്യയ്ക്കും,
വേഷപ്പകര്‍ച്ചകള്‍ക്കും,
വിറ കൊള്ളുമാത്മാവിനെ -
മുള്‍ മുനയില്‍ കോര്‍ത്തു വച്ച്‌
ഹൃദയം പന്താടുന്ന
കസര്‍ത്തുകള്‍ക്കുമൊടുവില്‍
പ്രതീക്ഷിക്കുന്നുണ്ട്‌ ഞാനും
നിങ്ങളില്‍ നിന്നു ചിലതു്‌.....

മറന്നേക്കുക.....

ചുമരുകളിടിഞ്ഞത്‌-
ഓർക്കാപ്പുറത്ത്‌..!
താങ്ങാകേണ്ടവ -
തകർന്നടിഞ്ഞ്‌-
മൂടിക്കളഞ്ഞത്‌ -
മോഹങ്ങളെയത്രേ....!


ഇടുങ്ങിയ വഴികൾ
കടത്തി വിടില്ല-
മണ്ണുമാന്തികളുടെ
വിരലുകളേയും....!


ഞെരിഞ്ഞമരുന്ന
നെഞ്ചിൻ കൂട്ടിൽ-
പ്രാണന്റെ പ്രാവുകൾ
പിടഞ്ഞിളകുമ്പോൾ
പ്രജ്ഞയിൽ നിന്ന്‌ -
ഹൃദയത്തിലേയ്ക്ക്‌ -
തീക്കുഴലിലൂടെന്ന പോലെ -
എത്രയോർമ്മകളാണ്‌
പൊള്ളിക്കയറുന്നത്‌...!


അങ്ങകലെയെന്നെ
കാത്തിരിപ്പോരുണ്ട്‌.....
വിലയുള്ളവരല്ല;
മറന്നേക്കുക....!


അളവില്ലാത്ത നോവിനും-
വിലങ്ങിയ ശ്വാസത്തിനുമിടയിൽ
മൃത്യുവെ പ്രണയിക്കുന്നത്‌ -
അതു മാത്രം കൊതിക്കുന്നത്‌,
എങ്ങനെയെന്നൊരിക്കലും
നിങ്ങളറിയാതിരിയ്ക്കട്ടെ...!


ഗതികിട്ടാത്ത സ്വപ്നങ്ങളുടെ
അടങ്ങാത്ത പൊടിയിൽ നിന്നും
വെള്ളനിറം മുഷിയാതെ-
യകന്നു നിന്നു കൊള്ളൂ....


ഒടുവിൽ പുറത്തെടുക്കുമ്പോൾ
അറിയാതെയെങ്കിലും
എന്റെ മുഖത്തേയ്ക്കൊന്ന്‌
(ശേഷിക്കുന്നുവെങ്കിൽ )
നോക്കിപ്പോകരുതേ.....

പിടച്ചു പിടച്ചു നിന്ന
പകച്ച നോട്ടമെന്റെ
അടയാത്ത കണ്ണിൽ നിന്നും
നിങ്ങളെ തൊട്ടെങ്കിലോ......!ചിത്രത്തിനു കടപ്പാട്‌ : google images

വേര്‍പാടിനു ശേഷം

മരുവും മഴക്കാറും
പണ്ടേയ്ക്കുപണ്ടേ
പിണങ്ങിപ്പിരിഞ്ഞതല്ലേ......!

തോരാ മഴ നനഞ്ഞു-
കുതിര്‍ന്നലിഞ്ഞിടിഞ്ഞ്.......
മിന്നല്‍ വാറടികളാല്‍
പൊള്ളിക്കരിഞ്ഞടര്‍ന്ന്........

സഹിയാതെയൊടുവിലവളെ-
കാറ്റിനു "കൈമടക്കി"-
നാടു കടത്തിയത്രേ...!

പക്ഷേ....
അന്നിടറി വീണതല്ലേ-
വെയില്‍ മുനയ്ക്കു നെഞ്ചും കാട്ടി-
യുരുകുന്ന മണല്‍ക്കാടായി,
തിളച്ച്..തിളച്ച്...പുകഞ്ഞ്..പുകഞ്ഞ്........

(ഒന്നു മാത്രമറിയാം....!
കരയാനും മറന്ന്-
അവളുമിപ്പോള്‍
പെയ്യുന്നുണ്ടാവില്ല..............)

ചിത്രത്തിനു കടപ്പാട്‌ : google images

വീണ പാടുന്നു.....ഞാൻ-
ലോലലോലമൊരു
നേർത്ത വീണക്കമ്പി....

നിങ്ങൾ പറയുന്നു-
"ഇങ്ങനെയാവരുത്....

കാറ്റൊന്നു തൊടുമ്പോഴേ
പൊട്ടിച്ചിരിയ്ക്കരുത്‌,

വലിഞ്ഞു പൊട്ടുവോളം
വിറച്ചു തുടിയ്ക്കരുത്‌,

നഖങ്ങളുടെ മൂർച്ചയിൽ
വിമ്മി വിതുമ്പരുത്‌,

ഇടഞ്ഞിടറിയിനി
രാഗം പിഴയ്ക്കരുത്‌...."

പക്ഷേ.....
നിങ്ങൾക്കറിയില്ലേ...?
എനിക്കു പാടാനാവുന്നതും
വീണ വീണയാവുന്നതും
ഇങ്ങനെയൊക്കെയെന്ന്‌.....?

സമയ സൂചികൾ
ഒരു ഘടികാരത്തിലെ-
യിരു സൂചികൾ നമ്മൾ,
ആരു വലുതാരു ചെറു-
തെന്നതൊരു തീരാത്തർക്കം...!

ഒട്ടൊരു മാത്ര നമ്മൾ
കാണുന്നു മുഖാമുഖം,
വെറുപ്പിൽ മുഖം തിരി-
ച്ചന്യരായ്‌ പിരിയുന്നു....!

ആവോളമകലേയ്ക്കു-
പായുവാൻ കൊതിയ്ക്കുന്നു;
വട്ടമൊന്നോടി വീണ്ടും
കണ്ടു മുട്ടുന്നു നമ്മൾ...!

നമ്മൾക്കിടയിലോടി-
ക്കിതച്ചു തളരുന്നു-
നിമിഷ സൂചി പോലെ-
യുഴറി നീങ്ങും ജന്മം ,


സാദ്ധ്യതയിനിയൊന്നേ-
യൊന്നു നാമൊന്നാകുവാൻ ,
കൂട്ടി മുട്ടുന്ന ക്ഷണം
നിലക്കിലീ സ്പന്ദനം...!

സമയം നിശ്ചലമായ്‌
നിൽക്കുമാ നേരം മാത്രം
മറക്കാമെല്ലാം, വീണ്ടു-
മുണരാറാവും മുന്നേ...!

അകലാൻ വേണ്ടി മാത്ര-
മുണരാനെങ്കിലപ്പോൾ
കൈകൾ കോർത്തൊന്നായ്‌ നമ്മൾ--
ക്കുണരാതുറങ്ങുക....???????ബൂലോക കവിത ഓണപ്പതിപ്പിൽ വന്നത്‌

പല്ലിയ്ക്കു വാലും ആയുധം


മുറിച്ചിട്ടു കടന്നതാണ്‌-
പിടയ്ക്കുന്നൊരു വാല്‌;
ഡ്രൈവറുടെ കൈപ്പിഴകൾ,
നിർമാണപ്പാണപ്പാളിച്ചകൾ,
പിന്നാമ്പുറക്രമക്കേടുകൾ,
(പോരെങ്കിൽ,
ഒരാനയെക്കണ്ടതിന്‌-
ഇത്രയുമാവേശമോ !!!!!!)
തുള്ളിയിളകിപ്പിടയുന്ന-
വാലും കൊത്തിയിരിപ്പാണ്‌-
രാകിക്കൂർപ്പിച്ച കൊക്കുകൾ!
സുരക്ഷിതമായൊരകലത്തിലിരുന്ന്‌
പല്ലി ചിലയ്ക്കുന്നുണ്ട്‌-
"നെഞ്ചുരുകിയ നിലവിളികൾക്കും,
കണ്ണീരുപ്പുള്ള കാറ്റിനും പോലും
എത്താനാവാത്ത ഉയരങ്ങളുണ്ടെന്ന്‌
ആർക്കാണറിയാത്തത്‌...!"

ചിത്രത്തിനു കടപ്പാട്‌ : google images

രഹസ്യം = പരസ്യം


മച്ചിലൊരു പല്ലി,
ധ്യാനത്തിലമർന്ന്‌,
ഒന്നുമേയറിയാതെ...!!!!!
പക്ഷേ,
എല്ലാവരും കാണുന്നുണ്ട്‌-
മഞ്ഞിച്ച വയറിനുള്ളിൽ-
വളരുന്ന രഹസ്യങ്ങൾ....!

അയ്യോ...!
ഇതു പോലെയെങ്ങാനും.....
ഞാനറിഞ്ഞില്ലെന്നാലും-
നിങ്ങളെല്ലാം കാണുന്നുവോ
നിറം തേച്ചു മറച്ചാലും
വിങ്ങി വീർത്തു നേർത്തു
വലിഞ്ഞു പൊട്ടാറായ
പ്രാണന്റെയറയ്ക്കുള്ളിൽ
തൊട്ടാലുടയുന്ന ചിലത്‌......?????

ചിത്രത്തിനു കടപ്പാട്‌ : google images

മഴയിലൂടെ............


മഴ നനയുകയാണു ഞാൻ....
വിളിക്കാതെ വന്നൊരു മഴ...
കടപുഴക്കലുകളും,
ഉരുൾ പൊട്ടലുകളുമില്ലാതെ,
പ്രളയത്തിലാഴ്ത്താതെ,
ചാഞ്ഞു പെയ്യുന്ന മഴ......

കുടകാട്ടി വിളിക്കരുത്‌,
കൂടെയിറങ്ങരുത്‌,
മരുഭൂമിക്കുമുണ്ടല്ലോ
ഒരു മഴയുടെയവകാശം...!

ഈ മഴയും പെയ്തു തോരും..
കാറ്റും മാറി വീശും...

എങ്കിലും,

തിളക്കുന്ന വേനലിലുമൊരു-
മരുപ്പച്ചയവശേഷിക്കും...
സൂര്യനിൽ നിന്നൊളിപ്പിച്ച്‌
ആഴങ്ങളിലടക്കം ചെയ്ത-
നീർമണിത്തുള്ളി പോലെ-
ഓർമ്മകളുണ്ടായിരിക്കും...!

തിരകൾ


ചെറുനുരത്തിരയാദ്യം,
തൊട്ടും....തൊടാതെയും......
പിന്നെ,ത്തണുപ്പാർന്ന വിരലാൽ
തഴുകിത്തലോടി മടങ്ങി.....
തിരികെനടക്കിലിരമ്പി,
അലഞ്ഞൊറികളായ്‌കൂടെയെത്തി....
പാഴ്ച്ചിപ്പി കാട്ടിക്കൊതിപ്പി-
ച്ചരികിലേക്കെന്നെ നടത്തി......


കലപിലച്ചിരി..!കൂട്ടി-
നീറൻ കുളിരു കാറ്റ്‌...!
എഴുതിമായിച്ചെത്ര -
കളിവാക്കുകൾ,പിന്നെ-
ക്കണ്ടെത്ര വേലി-
യിറക്ക,മേറ്റം.....!


കാൽക്കീഴിലെ മണൽ-
ചോർന്നതെപ്പോൾ...?
നീലക്കടലിന്റെ ഭാവം-
പകർന്നതെപ്പോൾ...?അലറിയാർത്താസുര-
ത്തിരയെത്തി,യതിൽ മുങ്ങി-
നില തെറ്റി വീണു താ-
ണെങ്ങോ മറഞ്ഞു ഞാൻ-
വന്യമാം നിലകാണാ-
ച്ചുഴികളിൽ,മലരിയിൽ......


കരയിലടിഞ്ഞീല -
മൂന്നാം പക്കവും.........
തിരികെക്കിട്ടിയി-
ല്ലെന്നെയെനിക്കിന്നും..........

പൂജ്യംഒന്നാമതാവേണ്ട;
(ആഗ്രഹിച്ചാൽ തന്നെ-
ആവുകയുമില്ല!)
ഒരു പൂജ്യമായിരിക്കാം;
ഉപകാരമില്ലാതെ-
മുന്നിൽകയറാതെ,
ഒന്നും മിണ്ടാതെ-
പിന്നിലൊതുങ്ങി,
എന്നെക്കൊണ്ടാവും പോലെ-
നിന്റെ മൂല്യമുയർത്തി,
വിലയേതുമില്ലാത്തൊരു-
വെറും പൂജ്യമായിരിക്കാം.....!

നമ്മൾ.........പാതയ്ക്കപ്പുറമിപ്പുറം-

നിറയെ പൂത്ത മരങ്ങൾ.....

പരസ്പരം തൊടാനാഞ്ഞു-

ചില്ലക്കൈവിരലുകൾ നീട്ടി........സ്വപ്നത്തിനക്കരെയിക്കരെ-

യുറങ്ങാതെ നീയും ഞാനും.....

വേരുറച്ച മരങ്ങൾ പോലെ-

ചുവടൊന്നനങ്ങാനാവാതെ,

മായാവലയിഴകളിൽ

ഹൃദയവിരലുകൾ കോർത്ത്‌.....

ചില്ലുടയുന്നത്‌......


ചില്ലുടയുന്നത്‌-
ഒരു ഞൊടിയുടെ കൈപ്പിഴ;
തെന്നിത്താഴേക്ക്‌-
ക്രൂരമൊരു പൊട്ടിച്ചിരി പോലെ-
ചിതറിത്തെറിച്ച്‌,
കൂട്ടിയിണക്കാനാവാതെ-
നുറുങ്ങിപ്പൊടിഞ്ഞ്‌,
പെറുക്കിക്കൂട്ടുമ്പോൾ-
വിരൽത്തുമ്പു മുറിച്ച്‌,
ഓർക്കാപ്പുറത്തെവിടുന്നോ -
കാലിൽ തറച്ച്‌........


പകച്ച നിമിഷങ്ങൾക്കൊടുവിൽ-
തിരിച്ചറിവുണരും.......


അറിയാതെയീവഴി വന്ന്‌-
മുറിവേൽക്കരുതാർക്കും,
കാണാത്ത കോണിൽ പോലും-
ശേഷിക്കരുതൊന്നും...........


സ്വരമിടറിയുള്ളിലിരു-
ന്നാരു പറയുന്നു...?
സ്വപ്നങ്ങൾ തകരുന്നതും-
ഇങ്ങനെയൊക്കെയെന്ന്‌..........???????

പിറവി
എങ്ങു നിന്നോ ഒരു വിത്ത്‌-
എന്റെയുള്ളിൽ വീണു,
ഞരമ്പുകളിൽ വേരിറക്കി-
പടർന്നു വളർന്നു തുടിച്ചു,
ആ നിമിഷം മുതൽ,
ചൊരുക്കിന്റെയൊരു ചുഴിയിലേക്ക്‌-
ഞാനെടുത്തെറിയപ്പെട്ടു,
എരിയുന്ന നെഞ്ചും,
പിടക്കുന്ന ചങ്കും,
എന്നോടു പറഞ്ഞു-
പിറക്കാനിരിക്കുന്നത്‌-
ഒരു പടുമുളയെന്ന്‌,
പിതൃത്വമറിയില്ല,
ഇനവുമറിയില്ല,
ചില പരിചിത മുഖങ്ങളുടെ-
ഛായകൾ കണ്ടേക്കാം...!

നോവിന്റെ തീപ്പുഴകൾ......
ഞെരിഞ്ഞമർന്ന നിലവിളികൾ.....
നീണ്ടൊരു കാത്തിരിപ്പിനൊടുവിൽ-
ചോരക്കും നീരിനുമൊപ്പം,
അതു പിറന്നു വീണു,
ജനന വൈകല്യങ്ങൾക്കു നേരേ-
മുഖം ചുളിക്കുന്നവരോടു-
വിലപ്പോകാത്തൊരു പ്രതിഷേധമായി-
കൈകാലിളക്കി കരഞ്ഞു......

വേദന തീർന്നിരിക്കുന്നു....
(അതോ ഇടവേളയോ...?)
ഊഹാപോഹങ്ങൾക്കും,
ഒളിഞ്ഞു നോട്ടങ്ങൾക്കും,
സ്വയം വിട്ടു കൊടുത്ത്‌,
സുഖമുള്ളൊരാലസ്യത്തിലേക്ക്‌-
എനിക്കിനി വഴുതി വീഴാം;
സൃഷ്ടിയുടെ നോവുകൾക്കൊടുവിൽ,
ഒരു കവിത പിറന്നിരിക്കുന്നു........!

മരുന്ന്‌അവശതകളുടെ കെട്ടഴിച്ച്‌,
ചൂളിച്ചുളുങ്ങിയൊരു രോഗി,
അലോസരങ്ങളനവധി-
വേദന-ദേഹത്തിന്‌(മനസ്സിനും),
കണ്ണിനൊരു (ഉൾക്കണ്ണിനും!)മൂടൽ,
കണ്ടിടത്തൊക്കെ-
ചാഞ്ഞു വീഴുക,
തട്ടുന്നതിൽ നിന്നൊക്കെ
മുറിവുകളേൽക്കുക,
വ്രണങ്ങളുണങ്ങാതെ
പഴുത്തു വിങ്ങുക.......

തഴക്കം വന്ന മിഴികളാൽ
രോഗിയെയൊന്നാകെയുഴിഞ്ഞ്‌,
വൈദ്യൻ തല കുലുക്കുന്നു-
രോഗം "പോഷകക്കുറ"വത്രേ !
ചികിൽസ പ്രയാസമെന്ന്‌,
നിസാരമല്ലെ,ന്നാലും,
ആശക്കു വകയുണ്ടെന്ന്‌,
(ഈയിടെയിതു കൂടുന്നെന്നു-
വൈദ്യനുമൊരാശങ്ക !)
മരുന്നുണ്ടിതി,നെന്നാൽ
കുറിപ്പെഴുതാനാവാത്തത്‌
മധുരനാരങ്ങയിലും,മാംസത്തിലും,
തവിടിലും കാണാത്തത്‌,
സമീകൃതമെന്നൊരളവ്‌
പറയാനാകാത്തത്‌,
ഒരു ചെറു തുള്ളിക്കെന്നാ-
ലൽഭുതം കാട്ടാവുന്നത്‌,
പണമെത്ര കൊടുത്താലും-
പൊതിയായി കിട്ടാത്തത്‌
ഉള്ളിലുറവയായൂറി-
യൊഴുകി നിറയേണ്ടത്‌,
വിൽപ്പനക്കു വയ്ക്കാത്ത-
സ്നേഹമെന്ന ജീവകം...!

അഴലകന്ന മനസോടെ,
കുറിപ്പടി കൈപറ്റാതെ,
പടിയിറങ്ങുന്ന രോഗിക്കായി-
പതിയെയൊരു പിന്മൊഴി-
"ചികിൽസ മാത്രം പോര,
പ്രതിരോധവും വേണമെന്ന്‌....."

മുത്തുച്ചിപ്പി പറഞ്ഞത്‌എന്റെയുള്ളു പിളർന്ന്‌-

നീയെടുത്ത മുത്ത്‌,

നിന്നെ കൊതിപ്പിക്കുന്നത്‌;

അതുരുവായ കഥ-

നിനക്കറിയുമോ?
ഹൃദയത്തിന്റെ മൃദുലതയിൽ,

പുറത്തെടുക്കാനാവാതെ-

കടന്നു പറ്റിയ കരടിന്‌,

എത്ര മാത്രം നോവിക്കാമെന്ന്‌-

നിനക്കറിയുമോ?
എടുത്തു കൊള്ളുക;

അഴകിന്റെയുറയിട്ട-

എന്റെയാത്മ വ്യഥകളെ.........
നിന്റെ നെടുവീർപ്പിന്റെയർത്ഥം-

ഇപ്പോഴെനിക്കറിയാം.....

കാത്തിരിക്കുക....

നോവുറഞ്ഞൊരു മുത്താകും വരെ....

കണ്ണീരുണങ്ങിയൊരു ചിരിയുണരും വരെ......