
ചെറുനുരത്തിരയാദ്യം,
തൊട്ടും....തൊടാതെയും......
പിന്നെ,ത്തണുപ്പാർന്ന വിരലാൽ
തഴുകിത്തലോടി മടങ്ങി.....
തിരികെനടക്കിലിരമ്പി,
അലഞ്ഞൊറികളായ്‌കൂടെയെത്തി....
പാഴ്ച്ചിപ്പി കാട്ടിക്കൊതിപ്പി-
ച്ചരികിലേക്കെന്നെ നടത്തി......
കലപിലച്ചിരി..!കൂട്ടി-
നീറൻ കുളിരു കാറ്റ്...!
എഴുതിമായിച്ചെത്ര -
കളിവാക്കുകൾ,പിന്നെ-
ക്കണ്ടെത്ര വേലി-
യിറക്ക,മേറ്റം.....!
കാൽക്കീഴിലെ മണൽ-
ചോർന്നതെപ്പോൾ...?
നീലക്കടലിന്റെ ഭാവം-
പകർന്നതെപ്പോൾ...?
അലറിയാർത്താസുര-
ത്തിരയെത്തി,യതിൽ മുങ്ങി-
നില തെറ്റി വീണു താ-
ണെങ്ങോ മറഞ്ഞു ഞാൻ-
വന്യമാം നിലകാണാ-
ച്ചുഴികളിൽ,മലരിയിൽ......
കരയിലടിഞ്ഞീല -
മൂന്നാം പക്കവും.........
തിരികെക്കിട്ടിയി-
ല്ലെന്നെയെനിക്കിന്നും..........
7 comments:
കടലിന്റെ ഭാവങ്ങള്‍ മനോഹരമായി വരച്ചു വച്ചിരിക്കുന്നു...
ചിലപ്പോള്‍ ജീവിതവും ചുഴികള്‍ പോലെയാണു. ഒരിക്കല്‍ പെട്ടുപോയാല്‍ പിന്നെ തിരിച്ചുപോരാനാകാതെ...ഒഴുകിയൊഴുകി...സ്വയം നിയന്ത്രണത്തിലല്ലാതെ ഒരു പോക്ക്...
തിരകളെ കുറിച്ചുള്ള സാമാന്യ വര്‍ണ്ണനക്കപ്പുറം ,അവസാനത്തെ വരിയിലൂടെ വായനക്കാരന്റെ മുന്‍പില്‍ മുന്‍പു പറഞ്ഞ വിശാലമായ ചിന്തയുടെ വാതില്‍ തുറന്നിടാന്‍ കവി ശ്രമിച്ചിരിക്കുന്നത് കവിതയുടെ മാറ്റ് കൂട്ടി...
ചെറുനുരത്തിരയാദ്യം,
തൊട്ടും....തൊടാതെയും......
പിന്നെ,ത്തണുപ്പാർന്ന വിരലാൽ
തഴുകിത്തലോടി മടങ്ങി.....
പക്ഷെ മടങ്ങാത്ത ചില തിരകൾ പിന്നെയും ബാക്കിയാവുന്നുവല്ലോ വരികളിൽ... നന്നായിട്ടുണ്ട്
നന്നായിട്ടുണ്ട്
ദീപയുടെ മറ്റു കവിതകളുടെ സൌന്തര്യം ഈ കവിതയ്ക്കില്ല....തികച്ചും വൈയ്യക്തികമായ ഈ കവിത നിങ്ങളുടെ സ്വതസിദ്ധമായ സുന്ദരമായ കവിത്വം വായനക്കാരനു വിനിമയം ചെയ്യുന്നില്ല; പകരം പലയിടത്തും കണ്ടുപഴകിയ വരികള്‍ നിരത്തി വെച്ച് കവിയത്രി മാറിനില്‍ക്കുന്നു..... നല്ലൊരു ബിംബം പോലുമില്ല. ഈ ബ്ളോഗ്ഗിലെ ചില കവിതകള്‍ കണ്ട് ഇഷ്ടപ്പെട്ട പ്രതീക്ഷയോടെ വന്നുപോകുന്ന എന്നെപ്പോലെയുള്ള വായനക്കാരന് പിണങ്ങാന്‍ ഇതുപോലുള്ള കവിത ധാരാളം മതി. :):)
ഷിനിൽ, കവിത ഇഷ്ടപ്പെട്ടതിൽ സന്തോഷം...സത്യത്തിൽ ,എനിക്കൊട്ടും തൃപ്തി തരാത്തൊരു കവിതയാണിത്.എഴുതേണ്ടിയിരുന്നില്ല എന്നു തോന്നിപ്പിക്കുന്ന ഒരു കവിത. നന്ദി......
വരവൂരാൻ....ചില തിരകൾ മടങ്ങിയാലും എന്തൊക്കെയോ അവശേഷിപ്പിക്കുന്നു....ചിലത് ഒന്നും ബാക്കി വയ്ക്കാതെ തകർത്തെറിയുന്നു...നന്ദി.....
ചൈത്രം, നന്ദി...!
പ്രിയപ്പെട്ട സന്തോഷ്, ആത്മാർത്ഥമായ ഈ അഭിപ്രായത്തിനു നന്ദി...! പറഞ്ഞതെല്ലാം ശരിയാണ്.ഇതു പോസ്റ്റ് ചെയ്യണ്ടെന്നു കരുതിയിരുന്നതാണ്.പിന്നെ,ഒരു തോന്നലിനങ്ങു പോസ്റ്റിയെന്നേയുള്ളു...!സത്യത്തിൽ എഴുതാൻ വേണ്ടി എഴുതിയ ഒരു കവിതയാണിത്.തല്ലിപ്പഴുപ്പിച്ചതിന്റെ എല്ലാ ദോഷങ്ങളും ഇതിനുണ്ട്. പിണങ്ങല്ലേ പ്ലീസ്...! :-) അടുത്ത കവിത താങ്കളുടെ പ്രതീക്ഷയ്ക്കൊത്തത്താവും എന്നു പ്രത്യാശിക്കുന്നു. ഒരിക്കൽകൂടി നന്ദി...!
'കരയിലടിഞ്ഞീല -
മൂന്നാം പക്കവും....
തിരികെക്കിട്ടിയി-
ല്ലെന്നെയെനിക്കിന്നും..'
ജീവിത സാഗരം നിലയില്ലാത്ത ഒരു കയമായി..ഒരിക്കലും പൊങ്ങിവരാതെ ഇങ്ങനെ...
കവിതയില്‍ കവിതയില്ല എന്ന് എനിക്കഭിപ്രായമില്ല.
മൂന്നാം പക്കവും തീരത്തടിഞ്ഞില്ലെങ്കില്‍ ജീവിച്ചിരിക്കുന്നു എന്നര്‍ത്ഥം. മുത്തും പവിഴവുമായി ആഴക്കടലില്‍ നിന്നും ഉയിര്‌ക്കൊള്ളൂക
Post a Comment