സമയ സൂചികൾ
ഒരു ഘടികാരത്തിലെ-
യിരു സൂചികൾ നമ്മൾ,
ആരു വലുതാരു ചെറു-
തെന്നതൊരു തീരാത്തർക്കം...!

ഒട്ടൊരു മാത്ര നമ്മൾ
കാണുന്നു മുഖാമുഖം,
വെറുപ്പിൽ മുഖം തിരി-
ച്ചന്യരായ്‌ പിരിയുന്നു....!

ആവോളമകലേയ്ക്കു-
പായുവാൻ കൊതിയ്ക്കുന്നു;
വട്ടമൊന്നോടി വീണ്ടും
കണ്ടു മുട്ടുന്നു നമ്മൾ...!

നമ്മൾക്കിടയിലോടി-
ക്കിതച്ചു തളരുന്നു-
നിമിഷ സൂചി പോലെ-
യുഴറി നീങ്ങും ജന്മം ,


സാദ്ധ്യതയിനിയൊന്നേ-
യൊന്നു നാമൊന്നാകുവാൻ ,
കൂട്ടി മുട്ടുന്ന ക്ഷണം
നിലക്കിലീ സ്പന്ദനം...!

സമയം നിശ്ചലമായ്‌
നിൽക്കുമാ നേരം മാത്രം
മറക്കാമെല്ലാം, വീണ്ടു-
മുണരാറാവും മുന്നേ...!

അകലാൻ വേണ്ടി മാത്ര-
മുണരാനെങ്കിലപ്പോൾ
കൈകൾ കോർത്തൊന്നായ്‌ നമ്മൾ--
ക്കുണരാതുറങ്ങുക....???????ബൂലോക കവിത ഓണപ്പതിപ്പിൽ വന്നത്‌

41 comments:

മാ ര്‍ ... ജാ ര ന്‍ said...

ആദ്യത്തെ കണ്ടു മുട്ടലിന്റെ അപരിചിതത്വം തോന്നിയ നിമിഷത്തില്‍ നമ്മള്‍ മുഖാമുഖം നില്‍ക്കവെ............വീണ്ടും കാണുമോയെന്ന്
നീ കാതില്‍ നിരാശ ചൊല്ലിയോ?

ഉറുമ്പ്‌ /ANT said...

മനോഹരമായ സങ്കൽ‌പ്പം.
നന്നായി എഴുതിയിരിക്കുന്നു.

അകലാൻ വേണ്ടി മാത്ര-
മുണരാനെങ്കിലപ്പോൾ
കൈകൾ കോർത്തൊന്നായ്‌ നമ്മൾ--
ക്കുണരാതുറങ്ങുക....???????

എന്തുകൊണ്ടതൊരു ചോദ്യചിഹ്നത്തിലവസാനിക്കുന്നു?

ഹാരിസ് said...

മനോഹരം

അനസ്യന്‍ said...

അകലാൻ വേണ്ടി മാത്ര-
മുണരാനെങ്കിലപ്പോൾ
കൈകൾ കോർത്തൊന്നായ്‌ നമ്മൾ--
ക്കുണരാതുറങ്ങുക...

എല്ലാത്തര്‍ക്കവും തീരുമ്പോഴേയ്ക്കും കൈവിട്ടു പോയിരിക്കും ഒരു ജന്മം.കൊള്ളാം മനോഹരമായ കവിത.ഞാന്‍ പുതിയ ആളാണ്.കവിതകളെല്ലാം ഇപ്പോള്‍ വായിച്ചു.എല്ലാത്തിനും കൂടി ഒരു വരി; ലളിതം,സുന്ദരം,ഗംഭീരം.

അരുണ്‍ ചുള്ളിക്കല്‍ said...

രണ്ട് സൂചികളും രണ്ടറ്റത്ത് നില്‍ക്കുമ്പോള്‍ ഘടികാരം നിശ്ചലമാകാതിരുന്നാല്‍ മതി.

നല്ല ചിന്ത

കുമാരന്‍ | kumaran said...

:)

Aneesh Alias Shinu said...

manoharamaaya varikal....... inganaeyum aezhuthaam ennu ippo manassilaayi :D

aneesh

കുളക്കടക്കാലം said...

ആരു വലുത്‌ ആരു ചെറുത്‌ എന്ന തര്‍ക്കം തീര്‍ന്നിട്ട് വേണ്ടേ തമ്മില്‍ കാണുമ്പോഴെങ്കിലും ഒന്ന് മിണ്ടാന്‍...!!
നന്നായി

jayanEvoor said...

സാദ്ധ്യതയിനിയൊന്നേ-
യൊന്നു നാമൊന്നാകുവാൻ ,
കൂട്ടി മുട്ടുന്ന ക്ഷണം
നിലക്കിലീ സ്പന്ദനം...!
.
മനോഹരമായ വരികള്‍....
നല്ല കവിത..!

ഷൈജു കോട്ടാത്തല said...

നല്ല കവിത അസ്വസ്ഥത തരുന്നു,
അസൂയയുടെ ഒരു തലം അതിനുണ്ടെന്നു തോന്നുന്നു!!

ലളിതമായി എനിയ്ക്കും പറയാമായിരുന്ന ഒരു സംഗതി മുന്നേ പറഞ്ഞതിന്റെ പേരില്‍
ഞാന്‍ താങ്കളോട് അസൂയയിലാണ്

ഉമേഷ്‌ പിലിക്കൊട് said...

അകലാൻ വേണ്ടി മാത്ര-
മുണരാനെങ്കിലപ്പോൾ
കൈകൾ കോർത്തൊന്നായ്‌ നമ്മൾ--
ക്കുണരാതുറങ്ങുക....???????


കൊള്ളാം നന്നായിട്ടുണ്ട്

Anonymous said...

കുറച്ചു കൂടി ശക്തമായി പറയാമായിരുന്നു എന്ന് തോന്നുന്നു. വിജയ ലക്ഷ്മിയുടെ "മൃഗശിക്ഷകന്‍ '' ഒന്ന് വായിക്കു

താരകൻ said...

അടുത്തും അകന്നും,ഒന്നായും വേർപെട്ടും...നന്നായിരിക്കുന്നൂ ഈ മനുഷ്യസ്വഭാവം കാണിക്കുന്ന സമയസൂചികൾ

T.A.Sasi said...

"ഒരു ഘടികാരത്തിലെ-
യിരു സൂചികള്‍ നമ്മള്‍,"
ഈ വരികള്‍ വായിച്ചപ്പോള്‍
തോന്നി കവിതയിലെ സാധാരണബിംബം
വെച്ചുള്ള സംഗതിയാണല്ലൊ എന്ന്‌;
പിന്നീടുള്ള വരികളൊക്കെയും കവിതയും
അങ്ങിനെയല്ലെന്നു
മനസ്സിലായി.

താരകൻ said...
This comment has been removed by the author.
ഭൂതത്താന്‍ said...

"ഒരു ഘടികാരത്തിലെ-
യിരു സൂചികൾ നമ്മൾ,
ആരു വലുതാരു ചെറു-
തെന്നതൊരു തീരാത്തർക്കം...!"

ഈ തര്‍ക്കങ്ങള്‍ പല ദാമ്പത്യ കറക്കങ്ങളെയും നിലപ്പിച്ചു തീര്‍ത്തല്ലോ....നല്ല കവിത

ഒരു ക്ലോക്ക് നോക്കി ഇത്രേം കാര്യങ്ങള്‍ വിളിച്ചു പറയാന്‍ കഴിയുമോ ...കവിയുടെ ഭാവനാ വിലാസം ...വല്ലഭനു പുല്ലും ആയുധം ...ഭൂതം പലതിനെയും നോക്കി എഴുതാന്‍ നോക്കി ...എവടെ ഭാവന വരുന്നില്ലല്ലോ ഭഗവാനെ

Anonymous said...

വളരെ നന്നായി ആസ്വദിക്കാന്‍ പറ്റി.
ഇനിയുമുണ്ടാകട്ടെ ആയിരം കവിതകള്‍

സാക്ഷ said...

ആര് നീ അപൂര്‍വ സന്ദര്‍ശകെ
ഈ ഇടനാഴിയില്‍ നിന്‍റെ വാകകള്‍ക്കിത്രയും
പൂമണം തന്നതാര്?

Manoraj said...

അകലാൻ വേണ്ടി മാത്ര-
മുണരാനെങ്കിലപ്പോൾ
കൈകൾ കോർത്തൊന്നായ്‌ നമ്മൾ--
ക്കുണരാതുറങ്ങുക....???????

really fantastic...if u dont mind pls give me your details...shall we make a good freindship

Thallasseri said...

നല്ല ആലോചനകള്‍. നല്ല വരികള്‍.

ഷിനില്‍ നെടുങ്ങാട് said...

മനോഹരമായ ചിന്തകള്‍.അതിലും മനോഹരമായ വരികള്‍. കാവ്യാത്മകമായി ,സരളമായി വാ‍യനക്കാരന്റെ മനസ്സിലേക്ക് ഒരു നീര്‍തുള്ളിയായി , ചിന്തയും സങ്കല്പങ്ങളുമായി പെയ്തിറങ്ങുന്ന മഴ...

വായിച്ചു...ഒന്നു രണ്ടു വട്ടം..

ഭാവുകങ്ങള്‍.

എം.പി.ഹാഷിം said...

നന്നായി!!

Midhin Mohan said...

സമയം നിശ്ചലമായ്‌
നിൽക്കുമാ നേരം മാത്രം
മറക്കാമെല്ലാം, വീണ്ടു-
മുണരാറാവും മുന്നേ...!
നല്ല കവിത..!

Sreeja said...

ഗൌരവമയൊരു കാര്യത്തെ ലളിത സുന്ദരമായി പറഞ്ഞിരിക്കുന്നു...കൂടുതല്‍ കൂടുതല്‍ എഴുതാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.

വാഴക്കോടന്‍ ‍// vazhakodan said...

മനോഹരമായ വരികള്‍....
നല്ല കവിത..!

പി എ അനിഷ്, എളനാട് said...

വായിച്ചിരുന്നു
നല്ല കവിത

കറിവേപ്പില said...

ഇത് ജീവിതം തന്നയാണല്ലോ?
നന്നായി..

ശാരദനിലാവ്‌ said...

നമ്മൾക്കിടയിലോടി-
ക്കിതച്ചു തളരുന്നു-
നിമിഷ സൂചി പോലെ-
യുഴറി നീങ്ങും ജന്മം ,

കൈകൾ കോർത്തൊന്നായ്‌ നമ്മൾ--
ക്കുണരാതുറങ്ങുക....???????

ഇത് ഞാനെന്റെ ആത്മാവില്‍ കോറിയിടട്ടെ ... ഇത് എന്റെയും എനിക്കറിയാവുന്ന പലരുടെയും ജീവിതം തന്നെയാണ് ...

അഭിനന്ദനങ്ങള്‍ ...ഇതാണ് ക്രിയേറ്റിവിറ്റി ..

Sureshkumar Punjhayil said...

നമ്മൾക്കിടയിലോടി-
ക്കിതച്ചു തളരുന്നു-
നിമിഷ സൂചി പോലെ-
യുഴറി നീങ്ങും ജന്മം ,

Manoharam, Ashamsakal...!!!

Sapna Anu B.George said...

ദീപ കണ്ടതിലും വായിച്ചതിലും സന്തോഷം

സന്തോഷ്‌ പല്ലശ്ശന said...

ഘടികാരത്തിന്‍റെ ഋണസഞ്ചാരങ്ങളെ പ്രണയത്തിന്‍റെ പരിദേവനങ്ങളായി കാണുന്ന ഈ കാവ്യ സിദ്ധി മനോഹരമാണ്‌. വാടാതെ കാക്കണം ഇത്‌. സസ്നേഹം

nandana said...

മനുഷ്യജന്മങ്ങള്‍.. നീയും ഞാനും ..ഭാര്യയും ഭര്‍ത്താവും ..ഒരു ഘടികാരത്തിലെ രണ്ടു സൂചികള്‍ ..അകലും അടുക്കും ..പിന്നെയും അകലും പിന്നെയും അടുക്കും ....ചാര്‍ജ് തീരുമ്പോള്‍ എല്ലാം അവസാനിക്കും ..
നന്നായി എഴുതിയിരിക്കുന്നു
നന്‍മകള്‍ നേരുന്നു
നന്ദന

Ranjith chemmad said...

തിരക്കിലായതിനാല്‍ ഈ വഴിയൊന്നും വരാന്‍ കഴിഞ്ഞില്ല...
വായിച്ചു; നന്ദി നല്ല വരികള്‍ക്ക്

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ജീവിതത്തിന്റെ ചാക്രികസ്വഭാവത്തെയും ചലന നിശ്ചലതകളെയും കുറിച്ചുള്ള ചിന്തകളെ ഈ കവിത ഉണർത്തുന്നു.
വൃത്തപ്രയോഗത്തിൽ ചില തെറ്റുകളും അഭംഗികളും വന്നിട്ടുണ്ട്.അതു പരിശീലനത്തിന്റെ കുറവുകൊണ്ടാണ്.

ഇ.എ.സജിം തട്ടത്തുമല said...

പകൽ വഴി വന്നുകയറിയപ്പോൾ കറുത്ത് ടെമ്പ്ലേറ്റു കണ്ട് ഇരുട്ടിലേയ്ക്കാണോ വന്നതെന്നു സംശയിച്ചു കണ്ണു തിരുമ്മി നേരേ നോക്കി. അക്ഷരങ്ങളിലൂടെ പരതിയപ്പൊൾ കറുപ്പിൽ നിറയെ വെളിച്ചമാണെന്ന്- കവിതയുടെ തൂനിലാവു പെയ്യുന്നെന്ന് തിരിച്ചറിഞ്ഞു. എങ്കിൽ പിന്നെ ഇങ്ങനെ ഒരാൾ ഇവിടെ വന്ന വിവരം ഇപ്രകാരം വിളമ്പരം ചെയ്തു തൽക്കാലം മടങ്ങാമെന്നു കരുതി. പകലിന്റെ പി.ആർ.ഓയിലിട്ട കമന്റ് വഴി ഇങ്ങു കയറിവന്നതാണ്.

Deepa Bijo Alexander said...

മണിച്ചേട്ടാ ...... (മാര്‍..ജാരന്‍)...ഇതെന്താ...! ഓർമ്മകളോടിക്കളിക്കുവാനെത്തിയോ മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ...? :-)

ഉറുമ്പ്‌ /ANT....അതൊരു ചോദ്യം തന്നെയാണ്‌..ഉത്തരം കാത്തിരിക്കുന്നൊരു ചോദ്യം.. നന്ദി...!

കുമാരന്‍ | kumaran .... :-)


ഷൈജു കോട്ടാത്തല...ഈ അസൂയ എന്നെ ഒരുപാട്‌` സന്തോഷിപ്പിക്കുന്നു...!ഇടയ്ക്ക്‌ ഷൈജുവിനൊടും എനിക്ക്‌ അസൂയ തോന്നാറുണ്ട്‌ കേട്ടോ...! :-)

സാക്ഷ ...നന്ദി ഈ നല്ല വാക്കുകൾക്ക്‌..


PRADEEP KUMAR .... മൃഗശിക്ഷകൻ വായിച്ചിട്ടില്ല. തീർച്ചയായും വായിക്കാം.നന്ദി.


ബാലചന്ദ്രൻ സർ...ഈ കമന്റ്‌ ഞാനെനിക്കു ലഭിച്ച അപൂർവ്വ സൗഭാഗ്യമായി മനസ്സിൽ ചേർത്തു വയ്ക്കുന്നു.....ഒരുപാട്‌ സന്തോഷം....!

ഹാരിസ്,അനസ്യന്‍ ,അരുണ്‍ ചുള്ളിക്കല്‍ ,Aneesh Alias Shinu,കുളക്കടക്കാലം,ജയൻ സർ,ഉമേഷ്‌ പിലിക്കൊട്,Anonymous,ഭൂതത്താന്‍ ,T.A.Sasi ,താരകൻ,Manoraj , Thallasseri ,എം.പി.ഹാഷിം ,ഷിനില്‍ നെടുങ്ങാട് , Sreeja ,Midhin Mohan,വാഴക്കോടന്‍ ‍,പി എ അനിഷ്,കറിവേപ്പില,ശാരദനിലാവ്‌,Sureshkumar Punjhayil ,Sapna Anu B.George.സന്തോഷ്‌ പല്ലശ്ശന,nandana, Ranjith chemmad,ഇ.എ.സജിം തട്ടത്തുമല .എല്ലാ പ്രിയ സുഹ്രുത്തുക്കൾക്കും നന്ദി....കവിത വായിച്ചതിലും ഇഷ്ടമായതിലും ഒരുപാടു സന്തോഷം...! ഈ സ്നേഹത്തിന്‌ ..നല്ല വാക്കുകൾക്ക്‌ ഒരുപാടൊരുപാട്‌ നന്ദി.... !

ശ്രദ്ധേയന്‍ said...

കമന്റിലെ ലിങ്കിലൂടെ ഇവിടെ എത്തി. കവിത 'ബൂലോക കവിതയില്‍' വായിച്ചിരുന്നു. ഹൃദ്യം. ഇടയ്ക്ക് വരാം.

idiot of indian origin said...

കുട്ടീ,
ഇതിലും നന്നായി ബന്ധങ്ങളുടെ
വിരസത ആരെങ്കിലും അവതരിപ്പിച്ചിട്ടുണ്ടോ ?
നാഴിക മണി .....
ആ സൂജികള്‍ക്ക് തിരിയാതിരിക്യാന്‍ ആവില്ല
കണ്ടുമുട്ടാതിരിക്ക്യാനും !
ഇതാണ് കവിത !

idiot of indian origin said...

കുട്ടീ,
ഇതിലും നന്നായി ബന്ധങ്ങളുടെ
വിരസത ആരെങ്കിലും അവതരിപ്പിച്ചിട്ടുണ്ടോ ?
നാഴിക മണി .....
ആ സൂജികള്‍ക്ക് തിരിയാതിരിക്യാന്‍ ആവില്ല
കണ്ടുമുട്ടാതിരിക്ക്യാനും !
ഇതാണ് കവിത !

തഥാഗതന്‍ said...

ഒരു നല്ല കവിത എഴുതാനുള്ള ആത്മാർത്ഥശ്രമം.
ആശംസകൾ

Pramod.KM said...

‘ഒരേ ഘടികാരത്തില്‍
ഇരു സൂചികൾ നമ്മൾ,
ആരാണുവലുതാരു
ചെറുത്?-തീരാത്തര്‍ക്കം’
എന്ന് ആയാല്‍ കേക കുറച്ചുകൂടി ശരിയാകും:)