
അവശതകളുടെ കെട്ടഴിച്ച്,
ചൂളിച്ചുളുങ്ങിയൊരു രോഗി,
അലോസരങ്ങളനവധി-
വേദന-ദേഹത്തിന്(മനസ്സിനും),
കണ്ണിനൊരു (ഉൾക്കണ്ണിനും!)മൂടൽ,
കണ്ടിടത്തൊക്കെ-
ചാഞ്ഞു വീഴുക,
തട്ടുന്നതിൽ നിന്നൊക്കെ
മുറിവുകളേൽക്കുക,
വ്രണങ്ങളുണങ്ങാതെ
പഴുത്തു വിങ്ങുക.......
തഴക്കം വന്ന മിഴികളാൽ
രോഗിയെയൊന്നാകെയുഴിഞ്ഞ്,
വൈദ്യൻ തല കുലുക്കുന്നു-
രോഗം "പോഷകക്കുറ"വത്രേ !
ചികിൽസ പ്രയാസമെന്ന്,
നിസാരമല്ലെ,ന്നാലും,
ആശക്കു വകയുണ്ടെന്ന്,
(ഈയിടെയിതു കൂടുന്നെന്നു-
വൈദ്യനുമൊരാശങ്ക !)
മരുന്നുണ്ടിതി,നെന്നാൽ
കുറിപ്പെഴുതാനാവാത്തത്
മധുരനാരങ്ങയിലും,മാംസത്തിലും,
തവിടിലും കാണാത്തത്,
സമീകൃതമെന്നൊരളവ്
പറയാനാകാത്തത്,
ഒരു ചെറു തുള്ളിക്കെന്നാ-
ലൽഭുതം കാട്ടാവുന്നത്,
പണമെത്ര കൊടുത്താലും-
പൊതിയായി കിട്ടാത്തത്
ഉള്ളിലുറവയായൂറി-
യൊഴുകി നിറയേണ്ടത്,
വിൽപ്പനക്കു വയ്ക്കാത്ത-
സ്നേഹമെന്ന ജീവകം...!
അഴലകന്ന മനസോടെ,
കുറിപ്പടി കൈപറ്റാതെ,
പടിയിറങ്ങുന്ന രോഗിക്കായി-
പതിയെയൊരു പിന്മൊഴി-
"ചികിൽസ മാത്രം പോര,
പ്രതിരോധവും വേണമെന്ന്....."
6 comments:
പണമെത്ര കൊടുത്താലും-
പൊതിയായി കിട്ടാത്തത്
ഉള്ളിലുറവയായൂറി-
യൊഴുകി നിറയേണ്ടത്,
വിൽപ്പനക്കു വയ്ക്കാത്ത-
സ്നേഹമെന്ന ജീവകം...!
നമിക്കുന്നു ഈ എഴുത്തിനെ
nannayittund
അഴലകന്ന മനസോടെ,
കുറിപ്പടി കൈപറ്റാതെ,
പടിയിറങ്ങുന്ന രോഗിക്കായി-
പതിയെയൊരു പിന്മൊഴി-
"ചികിൽസ മാത്രം പോര,
പ്രതിരോധവും വേണമെന്ന്....."
നല്ല വരികള്‍...
തിരിച്ചറിയപ്പെടാതെ പോകുന്ന സ്നേഹമെന്ന ജീവകം
തിരിച്ചറിയുന്നവരുണ്ടെന്നറിയുന്നതിൽ ആശ്വാസം.
വരവൂരാൻ,Prayan,പകല്‍കിനാവന്‍,ബഷീര്‍ വെള്ളറക്കാട് ....നന്ദി..എല്ലാ കൂട്ടുകാർക്കും..!
അലോരസങ്ങളനവധി,,,
അലോസരങ്ങളായിരിക്കാമല്ലേ?
“മരുന്ന്” എന്റെ ബ്ലോഗിന്റെ പേരായതുകൊണ്ട് ഈ കവിത ഞാന്‍ മറക്കില്ല!
:)
Post a Comment