പിറവി
എങ്ങു നിന്നോ ഒരു വിത്ത്‌-
എന്റെയുള്ളിൽ വീണു,
ഞരമ്പുകളിൽ വേരിറക്കി-
പടർന്നു വളർന്നു തുടിച്ചു,
ആ നിമിഷം മുതൽ,
ചൊരുക്കിന്റെയൊരു ചുഴിയിലേക്ക്‌-
ഞാനെടുത്തെറിയപ്പെട്ടു,
എരിയുന്ന നെഞ്ചും,
പിടക്കുന്ന ചങ്കും,
എന്നോടു പറഞ്ഞു-
പിറക്കാനിരിക്കുന്നത്‌-
ഒരു പടുമുളയെന്ന്‌,
പിതൃത്വമറിയില്ല,
ഇനവുമറിയില്ല,
ചില പരിചിത മുഖങ്ങളുടെ-
ഛായകൾ കണ്ടേക്കാം...!

നോവിന്റെ തീപ്പുഴകൾ......
ഞെരിഞ്ഞമർന്ന നിലവിളികൾ.....
നീണ്ടൊരു കാത്തിരിപ്പിനൊടുവിൽ-
ചോരക്കും നീരിനുമൊപ്പം,
അതു പിറന്നു വീണു,
ജനന വൈകല്യങ്ങൾക്കു നേരേ-
മുഖം ചുളിക്കുന്നവരോടു-
വിലപ്പോകാത്തൊരു പ്രതിഷേധമായി-
കൈകാലിളക്കി കരഞ്ഞു......

വേദന തീർന്നിരിക്കുന്നു....
(അതോ ഇടവേളയോ...?)
ഊഹാപോഹങ്ങൾക്കും,
ഒളിഞ്ഞു നോട്ടങ്ങൾക്കും,
സ്വയം വിട്ടു കൊടുത്ത്‌,
സുഖമുള്ളൊരാലസ്യത്തിലേക്ക്‌-
എനിക്കിനി വഴുതി വീഴാം;
സൃഷ്ടിയുടെ നോവുകൾക്കൊടുവിൽ,
ഒരു കവിത പിറന്നിരിക്കുന്നു........!

6 comments:

ശ്രീ said...

അതെ, പിറന്നിരിയ്ക്കുന്നത് മനോഹരമായൊരു കവിത തന്നെ.
:)

വരവൂരാൻ said...

സൃഷ്ടിയുടെ നോവുകൾക്കൊടുവിൽ,
നന്നായിട്ടുണ്ട്‌ ആശംസകൾ
എനിക്കിനി
സുഖമുള്ളൊരാലസ്യത്തിലേക്ക്‌-
വഴുതി വീഴാം

hAnLLaLaTh said...

വരികള്‍ വല്ലാത്തൊരു ശക്തി പ്രകടമാക്കുന്നു..

തുടര്‍ന്നും എഴുതൂ...

നന്മകള്‍ നേരുന്നു.

സന്തോഷ്‌ പല്ലശ്ശന said...

varikal nannayirikkunnu
prameyam pranju pazhakiyathanu

deferent attitude will count as good poetry so

keep it up

Deepa Bijo Alexander said...

ശ്രീ,വരവൂരാൻ, hAnLLaLaTh,സന്തോഷ്‌ പല്ലശ്ശന....നന്ദി.....!

NATURE said...

nannayittundu pusthakam aakkanam njan helpam