
കുസൃതിക്കാറ്റിൻ കയ്യിൽ
കാഞ്ചനക്കിളിക്കൂടു-
മെല്ലവേയൂയലാടു-
ന്നോമനക്കിളികളോ-
കൊഞ്ചുന്നു,ചിലക്കുന്നു,
കൂകുന്നു,മദം കൊണ്ട-
ങ്ങിളകിപ്പറക്കുന്നു,
ഇത്തിരിക്കൂട്ടിനുള്ളിൽ !
കൊച്ചു കൂടാണെന്നാലു-
മൊത്തിരിയിടമുണ്ടീ-
കുഞ്ഞിളം കിളികൾക്കൊ -
ന്നാവോളം പറക്കുവാൻ !
പൂമയിലാടുന്നുണ്ട്,
പൂങ്കുയിൽ പാടുന്നുണ്ട്,
ഓമനത്തത്ത കൊഞ്ചി-
ക്കിന്നാരം ചൊല്ലുന്നുണ്ട്,
കറുമ്പിക്കാക്കപ്പെണ്ണു-
കുശുമ്പു പറയുന്നു,
വണ്ണാത്തിക്കിളിപ്പെണ്ണു-
നാണിച്ചു ചിലക്കുന്നു,
മൈനകൾ കിളിത്തട്ടു -
കളിക്കുന്നുണ്ട്,കൊറ്റി-
പിന്നെയും തപസ്സിന്റെ-
യാഴത്തിൽ മുങ്ങുന്നുണ്ട്,
കഴുകൻ ചുവപ്പിച്ച-
കണ്ണുകൾ തുറുപ്പിച്ചു
തുളച്ചു നോക്കുന്നുണ്ട്,
കൂമൻ കുറുകുന്നുണ്ട്,
ഉപ്പും കൊണ്ടുപ്പൻ ചാടി-
വരുന്നുണ്ടാരോ "ചക്ക-
ക്കുപ്പുണ്ടോ"യെന്നു കളി-
യാക്കിച്ചോദിക്കുന്നുണ്ട്,
കറുമ്പിക്കാക്ക വീണ്ടും
സങ്കടം പറയുന്നു-
"എൻ മണിക്കൂട്ടിലാരും
കാണാതെ കള്ളക്കുയി-
ലൊളിച്ചു കേറി വീണ്ടും
മുട്ടയിട്ടെന്നേ കണ്ടോ !"
ഒരിടത്തെങ്ങാനൊട്ടൊ-
ന്നടങ്ങിയിരിക്കാതെ-
യോരോരോ പൂവിൻ കാതിൽ
കിന്നാരമോതിയോതി,
കാറ്റിന്റെ കൈ പിടിച്ചു
വള്ളിയിലൂഞ്ഞാലാടി,
തേൻകുരുവികളുമുണ്ടു-
ല്ലാസക്കുടുക്കകൾ !
സ്നേഹത്തിൻ കുരുവിക-
ളുമ്മ വയ്ക്കുന്നുണ്ടൊരു-
"മഞ്ഞിലെ പക്ഷി" സ്വപ്ന-
ങ്ങൾക്കടയിരിപ്പുണ്ട്,
ഏകമാം ചില്ലത്തുമ്പിൽ
വേഴാമ്പൽ മാത്രമെന്തേ-
തനിച്ചിരുന്നു കണ്ണീർ
പൊഴിച്ചു വിതുമ്പുന്നു?
ഇനിയും മഴ മേഘം
വിരുന്നു വന്നിട്ടില്ല,
വരണ്ട മനസ്സിന്റെ
ദാഹമണഞ്ഞിട്ടില്ല,
കണ്ണുനീർ കുടിച്ചവൾ
കാത്തു കാത്തിരിക്കുന്നു,
വരുമൊന്നെന്നാകിലും,
ഒന്നു വരാതെയിരിക്കില്ല....
കൂടിന്റെ കിളിവാതിൽ
ഞാനടച്ചിരിക്കുന്നു,
ആരാനും കിളിയൊച്ച-
യെങ്ങാനും കേട്ടെന്നാലോ?
" അയ്യയ്യേ ഞാനറിഞ്ഞേ...!"-
യെന്നെന്നെങ്ങാൻകള്ളച്ചിരി-
ചിരിച്ചു കളിയാക്കി-
ക്കവിളിൽ നുള്ളിയാലോ?
താഴിട്ടു കിളിവാതിൽ
പൂട്ടിയെൻവിരൽത്തുമ്പിൽ-
ചാവിയും ചുഴറ്റിക്കൊ-
ണ്ടൊന്നുമേയറിയാത്ത-
ഭാവത്തിൽ ഞാൻ നിൽക്കവേ,
കൈക്കുമ്പിൾ നിറയെപ്പൊ-
ന്നിലഞ്ഞിപ്പൂമണവും,
കുളിരും കൊണ്ടു വീണ്ടും,
കുസൃതിക്കാറ്റു പാടി വരുന്നു;
പാട്ടിന്നീണം എൻ-
കിളിക്കൂട്ടീൽ മെല്ലെ-
വസന്തം വിടർത്തുന്നു,
അരുമക്കുരുവികൾ
കൊഞ്ചൽ പൊഴിക്കുന്നെന്റെ-
യാകാശ നീലിമയിൽ
മഴവില്ലുയരുന്നു......
പീലികൾ നീർത്തി
മയിൽചുവടു വച്ചിടുന്നു,
ഇത്തിരിത്തേൻതുള്ളികൾ
മഴയായ് പൊഴിയുന്നു.....
ഏതോ ചില്ലയിൽ മഴ-
കാത്തു കാത്തിരിക്കുന്ന-
പക്ഷിക്കു മനതാരിൽ
ഹർഷാരവങ്ങൾ വീണ്ടും....
ഏതേതോ തേൻമാവിന്റെ-
യേതേതൊ ചില്ലത്തുമ്പിൽ
മാന്തളിരുലയുന്നു,വീണ്ടും-
പൂങ്കുയിൽ പാടുന്നിതാ.......
9 comments:
എഡിററിങ് കണ്ടുപിടിഛവനേ നമസ്കാരം
പക്ഷേ രാത്രി മഴഇതൊന്നും അറിഞില്ല്
എന്നുതോനുന്നു
നീളമുള്ളയീ കുയില്‍ നാദമേറെ ഇഷ്ടപ്പെട്ടു...
ആശംസകള്‍..
valuppam kurachaal bhangi koodumkettoaaa
മറവൻജി ,താങ്കളുടെ blog വായിക്കുമ്പോൾ എനിക്കും ഇതേ അഭിപ്രായം തന്നെ തോന്നുന്നു....computer systems തമ്മിലുള്ള വ്യത്യാസം ആയിരിക്കാം...ആർക്കെങ്കിലും ഒരു പരിഹാരം നിർദ്ദേശിക്കാനുണ്ടോ ?
നല്ല കവിത ....
പക്ഷെ നീളം കുറക്കാമായിരുന്നു...
പൂങ്കിയില്‍ പാട്ട് ഇഷ്ടായി...
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
പൂങ്കിയില്‍ പാട്ട് ഇഷ്ടായി...
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
firefox 3 is a solution
ഫസല്‍ ,ഗോപക് യു ആര്‍, sv,
കവിത വായിച്ചതിലും ഇഷ്ടമായതിലും ഒരുപാട് സന്തോഷം...!
ഷിഹാബ്,കാക്ക,
നന്ദി...!
Post a Comment