ഇല പൊഴിയുന്നു......


വിളർത്തു വാടി ഞെട്ടറ്റ്‌-
ഞാൻ താഴേയ്ക്കു വീണു....
ആഴങ്ങളിലേയ്ക്കുള്ള വീഴ്ച്ചയിൽ
കൺകോണിലൂടെ ഞാൻ കണ്ടു-
പച്ചിലയുടെ ക്രൂരമായൊരൂറിച്ചിരി....!
കണ്ണൊന്നു നനഞ്ഞെങ്കിലും-
വാൽസല്യമേ തോന്നിയുള്ളു....
തളിരായി വിരിഞ്ഞനാളിൽ-
കുഞ്ഞിക്കണ്ണു പാടെ വിടർത്തി-
വിസ്മയത്തോടെയെന്നെ നോക്കി-
"യൊരിക്കൽ ഞാനുമിതു പോലെയാകുമെന്നു"-
കൊഞ്ചി നീയെന്നോടടുത്തതും,
പിന്നെ,വാടിത്തുടങ്ങിയ എന്റെ നേർക്ക്‌
അവജ്ഞയുടെ കൈയ്പ്പുള്ള നോട്ടമെറിഞ്ഞതും,
എല്ലാമോർമ്മയുണ്ടെങ്കിലും-
ചിരിക്കാനേ തോന്നിയുള്ളു....
അസൂയയ്ക്കു നമുക്കിടയിലെന്തു കാര്യം!
നാമെല്ലാം ഒരേ വഴിയിലെ യാത്രികൾ;
ആകാശത്തിൽ നിന്നു മണ്ണിലേക്കുള്ള വഴി!


മുൻപേ പോയവർ പറഞ്ഞത്‌
ഞാനും നിന്നോടു പറയാം;
മരത്തിന്‌ ഇലകളോടു സ്നേഹമില്ല.....
അഹങ്കാരത്തിന്റെ ആഭരണങ്ങളാണ്‌-
മരത്തിന്‌ തന്റെ തഴയ്ക്കുന്ന ഇലകൾ...
അതിജീവനത്തിന്റെ ചാവേറുകൾ,
ആകാശത്തിലേക്കുയർത്തിയ കൈകളിൽ-
അജയ്യതയുടെ കൊടിതോരണങ്ങൾ!
ശീശിരത്തിൽ ഇലകളെല്ലാം കൊഴിഞ്ഞ്‌
നഗ്നനായി ചൂളി നിൽക്കുമ്പോൾ മാത്രം
മരം കൊഴിഞ്ഞു പോയ ഇലകളെ ഓർക്കുന്നു,
തളിരിലകൾ മുളപൊട്ടിയുണരുമ്പോൾ
വീണ്ടുമെല്ലാം മറക്കുന്നു......
നിന്റെ പച്ചപ്പു മായുന്ന നിമിഷം
മരം നിന്നെ കൈവിടും,
മരത്തിന്റെ സ്നേഹശൂന്യത തിരിച്ചറിയുമ്പോൾ
നീ വാടിക്കരിയും....

മണ്ണിലേക്കുൾവലിഞ്ഞലിഞ്ഞ്‌-
വേരുപടലങ്ങളിലൂടരിച്ചു കയറി-
മരത്തിന്റെ ആത്മാവിലെത്തിച്ചേരാൻ
വീണ്ടും പിടക്കുന്നവർക്കിടയിൽ
മണ്ണിന്റെ അധിനിവേശം ചെറുത്ത്‌
അനിവാര്യമായ നിന്റെ പതനം കാത്ത്‌,
ആഴം കാണാത്ത ഇരുട്ടത്ത്‌-
തണുപ്പിൽ ഞാനുറങ്ങാതെ കിടക്കുന്നു........

6 comments:

ഫസല്‍ / fazal said...

ഒരു പഴുത്തില മനസ്സിലങ്ങിങ്ങ് തട്ടിത്തടഞ്ഞ് ശിഖിരങ്ങള്‍ക്കിടയിലൂടെ മണ്ണു വാര്‍ന്ന വേരോട് ചേര്‍ന്ന് മൂകം...
ആശംസകള്‍

ഗോപക്‌ യു ആര്‍ said...

നാമെല്ലാം ഒരേ വഴിയിലെ യാത്രികൾ;
ആകാശത്തിൽ നിന്നു മണ്ണിലേക്കുള്ള വഴി!

nallathu..istamaayi..

PIN said...

നല്ല വരികൾ...ആശംസകൾ..

കുരുത്തതൊക്കേയും ഒരിക്കൽ,
കരിയും കൊഴിയും എന്നാശ്വസിക്കൂ...
അരുത്‌ ശപിക്കരുത്‌ ഇലകണമേ,
നിൻ ശോകമേറ്റൽ, കടയ്ക്കൽ കോടാലിയേറി
അപമൃത്യു വരിക്കും ആ വടവൃക്ഷവും....

സസ്നേഹം,
PIN

മാംഗ്‌ said...

വളരെ നന്നായിരിക്കുന്നു മനോഹരവും ലളിതവുമായ വരികൾ പഴംചൊല്ലിൽ അധിഷ്ടിതമെങ്കിലും
ആഖ്യാന ശൈലി യും പുനർജജ്ന്മതിന്റെ ഓർമപെടുത്തലുകളും വെത്യസ്തമായി

വരവൂരാൻ said...

മണ്ണിലേക്കുൾവലിഞ്ഞലിഞ്ഞ്‌-
വേരുപടലങ്ങളിലൂടരിച്ചു കയറി-
മരത്തിന്റെ ആത്മാവിലെത്തിച്ചേരാൻ
വീണ്ടും പിടക്കുന്നവർക്കിടയിൽ
മണ്ണിന്റെ അധിനിവേശം ചെറുത്ത്‌
അനിവാര്യമായ നിന്റെ പതനം കാത്ത്‌,
ആഴം കാണാത്ത ഇരുട്ടത്ത്‌-
തണുപ്പിൽ ഞാനുറങ്ങാതെ കിടക്കുന്നു........
കരുത്താർന്ന വരികൾ, നല്ല എഴുത്ത്‌

Balu puduppadi said...

ഡോക്ടര്‍,
നന്നായിരിക്കുന്നു. ഇനിയും മുന്നേറുക