
അറിയാതെയല്ല ഞാ-
നോർക്കാപ്പുറത്തൊരീ-
വരവു,മൊരുൾക്കോണിൽ
പാതി മറഞ്ഞുള്ള-
നില്‍പ്പും,തിടുക്കവും;
കാണാതെയല്ല,
മനസ്സിന്റെ തുമ്പു പിടിച്ചു-
വലിച്ചും,ചൊടിപ്പിച്ചും,
വിട്ടുമാറാതെ കലമ്പും
മകളെപ്പോൾ-
പരിഭവിച്ചുള്ളൊരീ-
നോക്കു,മലട്ടലും,
തിരക്കാണ്;ജീവിത-
പ്പാച്ചിലാണുണ്ണി-
ക്കുരുന്നിനെ ധ്യാനം പോ-
ലൂട്ടിയും,പോറ്റിയു-
മിരുണ്ടു വെളുക്കുമ്പോ-
ളറിയാതെ പോകുന്നു-
ണ്ടറിയുന്നുവെങ്കിലു-
മുള്ളി,ലാഴങ്ങളിൽ
വേരിടാൻ വെമ്പുന്ന
വാക്കിന്നനക്കങ്ങൾ..........
തളർന്നുറങ്ങുമ്പോൾ
നനുത്തകാൽ വയ്പ്പുമായ് -
വാക്കുകൾ വന്നു-
വിരൽ മുത്തിപ്പോകുവ-
തറിയാതെയല്ലൊന്നു-
മറിയാതെയല്ല,
തിരക്കാണു,നേരമി-
ല്ലൊട്ടുമേ,യതിനാ-
ലുറങ്ങുകെൻ കവിതേ-
യുറങ്ങുക നീ,യീ-
ത്തിരക്കൊന്നൊഴിയട്ടെ-
യെന്നുണ്ണി വളരട്ടെ-
യതു വരെ മണ്ണിൽ
തപം ചെയ്യും വിത്തു പോൽ
ഉറങ്ങിക്കിടക്കുക-
കാലമാകും വരെ;
മൂകമാം നിദ്ര തൻ
ശിശിരം വഴി മാറി-
പുതുമുളയുണരേണ്ട-
ഋതു വരും നാൾ വരെ.....!
15 comments:
കവിത അമ്മയെ വരയ്ക്കുമ്പോള്‍ ....
How can it hide? it will sprout out sure...
it is already...
:)congrats!
regards
sandhya
കവിതയിലൂടെത്തന്നെ ഉത്തരം തന്നുവല്ലോ. സന്തോഷം. ഇടയ്ക്കിങ്ങനെ പൊട്ടിമുളയ്ക്കുന്നതു വാരിയെടുത്തു വെളിച്ചത്തു വയ്ക്കൂ. ഞങ്ങള്‍ കാണട്ടെ.
അതായിരുന്നു കുറേ നാളുകളായി കവിതകള്‍ വിരിയാത്തത് അല്ലേ?
ജീവനുള്ള കവിത എഴുതുന്ന സ്ത്രീകള്‍ എന്തിന് പുരുഷനെ അനുകരിക്കണം എന്നു ഓഷോ ചോദിച്ചത് ഓര്‍ത്തുപോയി.
മനോഹരമായിരിക്കുന്നു ഈ കാവ്യ ശിശു.
ഇനിയും എഴുതൂ...
ഇഷ്ടായി കവിത..
ഏത് തിരക്കിലും ഉള്ളിലൂറുന്നുണ്ടല്ലോ വാക്കിന്നനക്കങ്ങള്‍..തുടിപ്പുകള്‍..അത് മാത്രം മതി പിന്നീട് വെട്ടം വരുമ്പോള്‍ വേരാഴ്ത്തി മരമാകാന്..പടര്‍ന്ന്..പന്തലിക്കാന്‍..
നല്ല വരികള്‍ ദീപ.
:).മടങ്ങി വരവെന്ന് ഞാന്‍ പറയുന്നില്ല..എഴുതാതിരിക്കുമ്പോളും ആ മനസ്സില്‍ കവിതയുണ്ടെന്നു അറിയാം..കവിതയോടുറങ്ങാന് പറയുന്ന അമ്മ മനസ്സ്..അവിടെയല്ലേ എല്ലാ നന്മയും.നല്ല വരികള്‍..തിരക്കുകള്‍ക്കിടയില്‍ ഉണര്‍ന്നു വാശി പിടിച്ചു കൂടുതല്‍ എഴുതിക്കട്ടെ ഈ കുഞ്ഞു..
പല തവണ വന്നു മടങ്ങിപ്പോയി
ഈ കവിത മനോഹരം
നല്ല കവിത. സന്തോഷം
ഓര്‍ക്കൂട്ടില്‍ നിന്ന് എന്നെ എന്തേ പുറത്താക്കി.
Nice
നല്ല വരികള്‍
വഴി: “ഈയെഴുത്ത്” മാഗസിനിലൂടെ. ആശംസകൾ.........
സുഗതകുമാരിയുടെ രാത്രിമഴ തേടിയിറങ്ങിയതാണ്...,. വന്നെത്തിയത് ഇവിടെ. പപ്ക്ഷേ പോസ്റ്റുകള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ നിരാശ തോന്നിയില്ല.... വളരെ വളരെ നന്നായിരിയ്ക്കുന്നു. കുറെക്കാലമായി ഇങ്ങോട്ട് വരുന്നില്ലെന്നു തോന്നുന്നു... എഴുതിയതൊക്കെ ഞങ്ങള്‍ക്കു വേണ്ടി കൂടി പോസ്റ്റ് ചെയ്യുക.... സ്നേഹാശംസകളോടെ....
nice :)
Post a Comment