എങ്ങു നിന്നോ ഒരു വിത്ത്-
എന്റെയുള്ളിൽ വീണു,
ഞരമ്പുകളിൽ വേരിറക്കി-
പടർന്നു വളർന്നു തുടിച്ചു,
ആ നിമിഷം മുതൽ,
ചൊരുക്കിന്റെയൊരു ചുഴിയിലേക്ക്-
ഞാനെടുത്തെറിയപ്പെട്ടു,
എരിയുന്ന നെഞ്ചും,
പിടക്കുന്ന ചങ്കും,
എന്നോടു പറഞ്ഞു-
പിറക്കാനിരിക്കുന്നത്-
ഒരു പടുമുളയെന്ന്,
പിതൃത്വമറിയില്ല,
ഇനവുമറിയില്ല,
ചില പരിചിത മുഖങ്ങളുടെ-
ഛായകൾ കണ്ടേക്കാം...!
നോവിന്റെ തീപ്പുഴകൾ......
ഞെരിഞ്ഞമർന്ന നിലവിളികൾ.....
നീണ്ടൊരു കാത്തിരിപ്പിനൊടുവിൽ-
ചോരക്കും നീരിനുമൊപ്പം,
അതു പിറന്നു വീണു,
ജനന വൈകല്യങ്ങൾക്കു നേരേ-
മുഖം ചുളിക്കുന്നവരോടു-
വിലപ്പോകാത്തൊരു പ്രതിഷേധമായി-
കൈകാലിളക്കി കരഞ്ഞു......
വേദന തീർന്നിരിക്കുന്നു....
(അതോ ഇടവേളയോ...?)
ഊഹാപോഹങ്ങൾക്കും,
ഒളിഞ്ഞു നോട്ടങ്ങൾക്കും,
സ്വയം വിട്ടു കൊടുത്ത്,
സുഖമുള്ളൊരാലസ്യത്തിലേക്ക്-
എനിക്കിനി വഴുതി വീഴാം;
സൃഷ്ടിയുടെ നോവുകൾക്കൊടുവിൽ,
ഒരു കവിത പിറന്നിരിക്കുന്നു........!