മറന്നേക്കുക.....

ചുമരുകളിടിഞ്ഞത്‌-
ഓർക്കാപ്പുറത്ത്‌..!
താങ്ങാകേണ്ടവ -
തകർന്നടിഞ്ഞ്‌-
മൂടിക്കളഞ്ഞത്‌ -
മോഹങ്ങളെയത്രേ....!


ഇടുങ്ങിയ വഴികൾ
കടത്തി വിടില്ല-
മണ്ണുമാന്തികളുടെ
വിരലുകളേയും....!


ഞെരിഞ്ഞമരുന്ന
നെഞ്ചിൻ കൂട്ടിൽ-
പ്രാണന്റെ പ്രാവുകൾ
പിടഞ്ഞിളകുമ്പോൾ
പ്രജ്ഞയിൽ നിന്ന്‌ -
ഹൃദയത്തിലേയ്ക്ക്‌ -
തീക്കുഴലിലൂടെന്ന പോലെ -
എത്രയോർമ്മകളാണ്‌
പൊള്ളിക്കയറുന്നത്‌...!


അങ്ങകലെയെന്നെ
കാത്തിരിപ്പോരുണ്ട്‌.....
വിലയുള്ളവരല്ല;
മറന്നേക്കുക....!


അളവില്ലാത്ത നോവിനും-
വിലങ്ങിയ ശ്വാസത്തിനുമിടയിൽ
മൃത്യുവെ പ്രണയിക്കുന്നത്‌ -
അതു മാത്രം കൊതിക്കുന്നത്‌,
എങ്ങനെയെന്നൊരിക്കലും
നിങ്ങളറിയാതിരിയ്ക്കട്ടെ...!


ഗതികിട്ടാത്ത സ്വപ്നങ്ങളുടെ
അടങ്ങാത്ത പൊടിയിൽ നിന്നും
വെള്ളനിറം മുഷിയാതെ-
യകന്നു നിന്നു കൊള്ളൂ....


ഒടുവിൽ പുറത്തെടുക്കുമ്പോൾ
അറിയാതെയെങ്കിലും
എന്റെ മുഖത്തേയ്ക്കൊന്ന്‌
(ശേഷിക്കുന്നുവെങ്കിൽ )
നോക്കിപ്പോകരുതേ.....

പിടച്ചു പിടച്ചു നിന്ന
പകച്ച നോട്ടമെന്റെ
അടയാത്ത കണ്ണിൽ നിന്നും
നിങ്ങളെ തൊട്ടെങ്കിലോ......!ചിത്രത്തിനു കടപ്പാട്‌ : google images