സമയ സൂചികൾ




ഒരു ഘടികാരത്തിലെ-
യിരു സൂചികൾ നമ്മൾ,
ആരു വലുതാരു ചെറു-
തെന്നതൊരു തീരാത്തർക്കം...!

ഒട്ടൊരു മാത്ര നമ്മൾ
കാണുന്നു മുഖാമുഖം,
വെറുപ്പിൽ മുഖം തിരി-
ച്ചന്യരായ്‌ പിരിയുന്നു....!

ആവോളമകലേയ്ക്കു-
പായുവാൻ കൊതിയ്ക്കുന്നു;
വട്ടമൊന്നോടി വീണ്ടും
കണ്ടു മുട്ടുന്നു നമ്മൾ...!

നമ്മൾക്കിടയിലോടി-
ക്കിതച്ചു തളരുന്നു-
നിമിഷ സൂചി പോലെ-
യുഴറി നീങ്ങും ജന്മം ,


സാദ്ധ്യതയിനിയൊന്നേ-
യൊന്നു നാമൊന്നാകുവാൻ ,
കൂട്ടി മുട്ടുന്ന ക്ഷണം
നിലക്കിലീ സ്പന്ദനം...!

സമയം നിശ്ചലമായ്‌
നിൽക്കുമാ നേരം മാത്രം
മറക്കാമെല്ലാം, വീണ്ടു-
മുണരാറാവും മുന്നേ...!

അകലാൻ വേണ്ടി മാത്ര-
മുണരാനെങ്കിലപ്പോൾ
കൈകൾ കോർത്തൊന്നായ്‌ നമ്മൾ--
ക്കുണരാതുറങ്ങുക....???????



ബൂലോക കവിത ഓണപ്പതിപ്പിൽ വന്നത്‌

പല്ലിയ്ക്കു വാലും ആയുധം






മുറിച്ചിട്ടു കടന്നതാണ്‌-
പിടയ്ക്കുന്നൊരു വാല്‌;
ഡ്രൈവറുടെ കൈപ്പിഴകൾ,
നിർമാണപ്പാണപ്പാളിച്ചകൾ,
പിന്നാമ്പുറക്രമക്കേടുകൾ,
(പോരെങ്കിൽ,
ഒരാനയെക്കണ്ടതിന്‌-
ഇത്രയുമാവേശമോ !!!!!!)
തുള്ളിയിളകിപ്പിടയുന്ന-
വാലും കൊത്തിയിരിപ്പാണ്‌-
രാകിക്കൂർപ്പിച്ച കൊക്കുകൾ!
സുരക്ഷിതമായൊരകലത്തിലിരുന്ന്‌
പല്ലി ചിലയ്ക്കുന്നുണ്ട്‌-
"നെഞ്ചുരുകിയ നിലവിളികൾക്കും,
കണ്ണീരുപ്പുള്ള കാറ്റിനും പോലും
എത്താനാവാത്ത ഉയരങ്ങളുണ്ടെന്ന്‌
ആർക്കാണറിയാത്തത്‌...!"





ചിത്രത്തിനു കടപ്പാട്‌ : google images